Blogs

 

വിനായക ചതുർഥി


വിനായക ചതുർഥി

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. പ്രധാന ആരാധനാ മൂർത്തി ഗണപതിയാണ്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു.

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.


ചരിത്രം

പാർവതി ദേവി ഗണപതിയെ ചന്ദനം കൊണ്ട് നിർമ്മിക്കുകയും ദേവി കുളിക്കുമ്പോൾ പ്രവേശന കവാടത്തിന് കാവൽ നിൽക്കാൻ ആവശ്യപ്പെട്ടതായും പുരാണങ്ങളിൽ പറയുന്നു. എന്നാൽ, ശിവൻ അവിടേക്ക് പ്രവേശിക്കാൻ തുനിഞ്ഞപ്പോൾ ഗണപതി അദ്ദേഹത്തെ പ്രവേശന കവാടത്തിൽ വച്ച് തടയുകയും, കോപിഷ്ഠനായ ശിവ ഭഗവാൻ ഗണപതിയുടെ തല വെട്ടുകയും ചെയ്തു. പാർവ്വതി ദേവി ഈ വസ്തുത മനസ്സിലാക്കിയപ്പോൾ നടുങ്ങി. ഇത് കണ്ട് മനസ്സലിഞ്ഞ ശിവൻ കുഞ്ഞ് ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി. ഗണേശന്റെ ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ തലയ്ക്ക് പകരം വയ്ക്കാൻ തക്കവണ്ണം ഒരു തല നിങ്ങൾ ആദ്യം കാണുന്ന ജീവിയിൽ നിന്നെടുക്കുവാൻ അദ്ദേഹം തന്റെ അനുയായികളോട് നിർദ്ദേശിച്ചു.

അദ്ദേഹത്തിന്റെ അനുയായികൾ (ഗണങ്ങൾ) ഒരു ആനയുടെ തലയുമായിട്ടാണ് തിരിച്ചുവന്നത്. അങ്ങനെയാണ് ഗണപതി ജീവിതത്തിലേക്ക് തിരികെയെത്തിയത്. അപ്പോഴാണ് ശിവൻ അദ്ദേഹത്തെ ഗണങ്ങളുടെ നേതാവായി ഗണപതി എന്ന് നാമകരണം ചെയ്തത്.

പ്രാധാന്യം

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനാണ് ഗണപതി. ഗണേശപുരാണത്തിൽ മഹാഗണപതിയെ പരമാത്മാവായി വർണ്ണിച്ചിരിക്കുന്നു. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. എലിയാണ് അദ്ദേഹത്തിന്റെ വാഹനം

ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,
  1. ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.
  2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്. എട്ടു കൈകളോടു കൂടിയ ഗണപതി.
  3. ഭക്തിഗണപതി: പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.
  4. വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.
  5. ശക്തിഗണപതി: 4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ് ഈ ഗണപതി.
  6. ദ്വിജഗണപതി: 3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.
  7. സിദ്ധിഗണപതി: എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.
  8. ഉച്ചിഷ്ട്ടഗണപതി: സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.
  9. വിഘ്നഗണപതി: എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.
  10. ക്ഷിപ്രഗണപതി: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്.തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.
  11. ക്ഷിപ്രപ്രസാദഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.
  12. ഹെരംബഗണപതി: 5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.
  13. ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്.കൈകളിൽ തത്ത,മാതളം.
  14. മഹാഗണപതി: തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.
  15. വിജയഗണപതി: എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
  16. നൃത്തഗണപതി: നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.
  17. ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.
  18. ഏകാക്ഷരഗണപതി: തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.
  19. വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
  20. ത്രയാക്ഷരഗണപതി: ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.
  21. ഹരിന്ദ്രഗണപതി: ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
  22. ഏകദന്തഗണപതി: ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.
  23. സൃഷ്ടിഗണപതി: ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
  24. ഉദ്ദണ്ടഗണപതി: ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
  25. റിനമോചനഗണപതി: ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
  26. ധുണ്ടി ഗണപതി: കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക് ഉള്ളത്.
  27. ദ്വിമുഖഗണപതി: രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
  28. ത്രിമുഖഗണപതി: സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
  29. സിംഹഗണപതി: ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
  30. യോഗഗണപതി: യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
  31. ദുർഗ്ഗഗണപതി: വിജയത്തിൻറെ പ്രതീകമാണ് ഈ ഗണപതി.
  32. സങ്കടഹരഗണപതി: എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

Copyright © Thazhoor Devaswom Committee 2024 -  All rights reserved.
About | Contact | Privacy Policy